എരുമപ്പെട്ടി: പന്നിത്തടത്ത് നിയന്ത്രണംവിട്ടു മറിഞ്ഞ വാഹനത്തിൽനിന്ന് 18 ചാക്ക് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പിടികൂടി. വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ നാലോടെ കേച്ചേരി-അക്കിക്കാവ് ബൈപാസ് റോഡിലാണ് അപകടം. ബൊലേറോ പിക്കപ്പ് വാഹനം നിയന്ത്രണംവിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് പന്നിത്തടം സെന്ററിനു സമീപമുള്ള സിംല ഗ്രൗണ്ടിലേക്കു മറിയുകയായിരുന്നു. അപകടം നടന്നയുടൻ വാഹനത്തിലുള്ളവർ ചാക്കുകൾ അടുത്തുള്ള പൊന്തക്കാട്ടിലേക്കു വലിച്ചെറിഞ്ഞശേഷം ഓടി രക്ഷപ്പെട്ടു. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി വാഹനവും ഹാൻസ് ചാക്കുകളും കസ്റ്റഡിയിലെടുത്തു.
വാഹനത്തിന്റെ പിന്നിൽ ടാർപോളിൻ ഉപയോഗിച്ചുമൂടിയാണ് ഹാൻസ് കൊണ്ടുപോയിരുന്നത്. പൊന്നാനി രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാഹനം കേച്ചേരി ഭാഗത്തുനിന്നാണു വന്നത്. രക്ഷപ്പെട്ട രണ്ടുപേർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.